Photography Contest 2026 -- പ്രകൃതിയുടെ സ്പന്ദനം കണ്ടറിയാം, ജല സ്രോതസ്സുകളെ സംരക്ഷിക്കാം
ഓപ്പറേഷൻ തൂഫാൻ 2.0

October 3, 2026

ലഹരി വസ്തുക്കളുടെ വില്പന തടയാൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്പനയും, ഉപയോഗവും, വ്യാപനവും പൂർണമായി തടയുന്നതിന് തൊടുപുഴ പോലീസുമായി ചേർന്ന് വാർഡ് തലത്തിൽ ശക്തമായ നിരന്തര നിരീക്ഷണവും, പരിശോധനയും നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് അറിയിച്ചു. സംസ്ഥാനത്ത് കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ ലഹരി വസ്തുക്കളുടെ വ്യാപനവും, ഉപയോഗവും പൂർണമായി തടയുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു നിയമനടപടി ക്കപ്പുറം, പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ഏകോപിച്ച് ഓരോ വാർഡിലേക്കും, വീട്ടിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് തൂഫാൻ പതാക ഉയർത്തിയശേഷം വൈസ് പ്രസിഡന്റ് റ്റിസി ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ മനേഷ് കെ പി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ബോധവൽക്കരണവും, പദ്ധതിയുടെ ആക്ഷൻ പ്ലാനും വിശദീകരിക്കുകയും ചെയ്തു. ജനപ്രതിനിധികൾ, ജീവനക്കാർ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാർ എന്നിവരടങ്ങുന്ന 40 അംഗ തൂഫാൻ വാരിയർ ടീം രൂപീകരിച്ച് ബാഡ്ജുകൾ വിതരണം ചെയ്തുകൊണ്ട് സ്ഥിരം സമിതി അധ്യക്ഷൻ കെ കെ തോമസ് തൂഫാൻ വാരിയർ പ്രഖ്യാപനം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസുകുട്ടി ജോസഫ്, ഷൈനി ഷാജി, ബി ഡി ഒ സിയാദ് ടി ഇ, തൂഫാൻ 2.0 ബ്ലോക്ക് കോഓർഡിനേറ്റർ മഞ്ജു ടി ജി എന്നിവർ സംസാരിച്ചു. തുടർന്ന് തൂഫാൻ 2.0 യുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടികളുടെ ലൈവ് വീഡിയോ പ്രദർശനവും നടത്തി.

toofan6
toofan5
toofan4
toofan3
toofan2
toofan1